Foto

ഐ ചൂസ് ടു വെയിറ്റ് കൗമാരക്കാര്‍ക്കിടയില്‍ വിശുദ്ധി സംരക്ഷിക്കുവാന്‍ ബ്രസീലിയന്‍ സര്‍ക്കാരിന്റെ പദ്ധതി

ബ്രസീലിയ: കൗമാരക്കാര്‍ക്കിടയിലെ ലൈംഗീക വിശുദ്ധിക്കായി ബ്രസീലിലെ മനുഷ്യാവകാശ കുടുംബ വകുപ്പ് മന്ത്രി ഡമാറെസ് ആല്‍വസ് ഇവാഞ്ചലിക്കല്‍ സഭയുടെ സഹകരണത്തോടെ പ്രത്യേക പദ്ധതി ആരംഭിച്ചു. ജീവിത വിശുദ്ധിയില്ലായ്മ, ലൈംഗീക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം, ഗര്‍ഭവതികളായ കൗമാരക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് തുടങ്ങിയവ കണക്കിലെടുത്ത് 'ഞാന്‍ കാത്തിരിപ്പ് തിരഞ്ഞെടുത്തു' (ഐ ചൂസ് ടു വെയിറ്റ്) എന്ന പ്രചാരണ പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലൈംഗീകത, പവിത്രത, വിവാഹം എന്നിവ സംബന്ധിച്ച പരമ്പരാഗത ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ‘ഐ ചൂസ് റ്റു വെയിറ്റ്’പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി വിശുദ്ധിയും, പവിത്രതയും നിറഞ്ഞ ഒരു ജീവിതം നയിക്കുവാനാണ് ‘ഐ ചൂസ് ടു വെയിറ്റ്’ പറയുന്നത്. സാമൂഹ്യ സമ്മര്‍ദ്ധങ്ങള്‍ കാരണം പ്രായപൂര്‍ത്തിയാകാത്തവരില്‍ നല്ലൊരു വിഭാഗവും ലൈംഗീക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ലൈംഗീക രോഗങ്ങളുടെ വ്യാപനവും, പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പുള്ള ഗര്‍ഭധാരണവും കുറയ്ക്കുന്നതിനും ശരീരത്തിന്റെ പരിശുദ്ധി സംരക്ഷിക്കുന്നതിനും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണപരിപാടിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ‘ഐ ചൂസ്ടു വെയിറ്റ്’ പ്രചാരണത്തിനെതിരെ അബോര്‍ഷന്‍ അനുകൂല സംഘടനകളും, സ്വവര്‍ഗ്ഗരതിയുടെ വക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ശക്തമായ ക്രൈസ്തവ വിശ്വാസം മുറുകെ പിടിക്കുന്ന ആളാണ് നിലവിലെ ബ്രസീലിയന്‍ പ്രസിഡന്‍റായ ജെയ്ര്‍ ബോല്‍സൊണാരോ. രാജ്യത്തെ ഇടതുപക്ഷ പ്രതിപക്ഷം കൗമാരക്കാര്‍ക്കിടയിലെ ലൈംഗീകതയെ പ്രോത്സാഹിപ്പിക്കുന്നതായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊണാരോ ആരോപിച്ചിരുന്നു. സ്വവര്‍ഗ്ഗരതിയോടുള്ള കൗമാരക്കാരുടെ മടി ഇല്ലാതാക്കുന്നതിനായി മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് സ്കൂളുകളില്‍ ആരംഭിച്ച ‘ഹോമോസെക്ഷ്വല്‍ കിറ്റ്‌’ വിതരണം ചെയ്യുന്ന പദ്ധതി ബോല്‍സൊണാരോ നിര്‍ത്തലാക്കിയിരിന്നു. ഇത്തരം നടപടികള്‍ അദ്ദേഹത്തിന് യാഥാസ്ഥിക കത്തോലിക്കര്‍ക്കിടയിലും, ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് വലിയ പിന്തുണ സമ്മാനിക്കുന്നുണ്ട്.

Comments

leave a reply

Related News